Sunday, 9 October 2011

ശിവപ്രസാദപഞ്ചകം


ശിവ, ശങ്കര, ശര്‍വ, ശരണ്യ, വിഭോ!
ഭവസങ്കടനാശന പാഹി ശിവ!
കവിസന്തതി സന്തതവും തൊഴുമെന്‍
ഭാവനാടകമാടുമരുമ്പൊരുളെ!

പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

പിടിപെട്ടു പുരുണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടി നീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ

ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍-
ക്കളവുണ്ടൊരു സീമ നിനക്കു നഹി

കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ.


This song (Sivaprasada Panchakam) featured in the movie Sree Narayana guru (released in 1986). Sang by P Jayachandran and he got National award for this song.


Saturday, 1 October 2011

ഗുരുസ്തവം


നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിന്‍
നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം:
ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ! (നാരായണ...)

അന്‍പാര്‍ന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വന്‍പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുന്‍പായി നിനച്ചൊക്കെയിലും ഞങ്ങള്‍ ഭജിപ്പൂ
നിന്‍പാവനപാദം ഗുരുനാരായണമൂര്‍ത്തേ! (നാരായണ...)

അന്യര്‍ക്കുഗുണം ചെയ് വതിന്നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ!
സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോര്‍
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂര്‍ത്തേ! (നാരായണ...)

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും
മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞൊരുവന്‍ താന്‍
ഭേദാദികള്‍ കൈവിട്ടു ജയിപ്പൂ ഗുരുമൂര്‍ത്തേ!   (നാരായണ...)

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതില്‍ക്കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷംജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താല്‍ വിജയിപ്പൂ ഗുരുമൂര്‍ത്തേ! (നാരായണ...)

അങ്ങേത്തിരുവുള്ളൂറിയൊരന്‍പിന്‍ വിനിയോഗം
ഞങ്ങള്‍ക്കു ശുഭം ചേര്‍ത്തിടുമീഞങ്ങടെ 'യോഗം'
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിന്‍പുകള്‍പോല്‍ ശ്രീഗുരുമൂര്‍ത്തേ! (നാരായണ...)

നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!
നാരായണ മൂര്‍ത്തേ! ഗുരുനാരായണ മൂര്‍ത്തേ!

Tuesday, 27 September 2011

ദൈവദശകം


ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ,
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍തോണി നിന്‍പദം

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണം

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍

ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ! സൃഷ്ടിക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കിസ്സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ

അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ ജയിക്കുക

ജയിക്കുക മഹാദേവ! ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ! ദയാസിന്ധോ ജയിക്കുക

ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം  വാഴണം വാഴണം സുഖം

വാഴണം വാഴണം സുഖം  വാഴണം വാഴണം സുഖം

Thursday, 22 September 2011

ദീപാര്‍പ്പണം


ഭാവ ബന്ധമൊടു സത്യരൂപനാം
ദേവ നിന്‍ മഹിമയാര്‍ന്ന കോവിലില്‍
പാവന പ്രഭയെഴും വിളക്കിതാ
സാവധാനമടിയന്‍ കൊളുത്തിനേന്‍

അല്പമെങ്കിലുമതിന്‍ പ്രഭാങ്കുരം
സല്പതേയിരുള്‍ തുരന്നു മെല്ലവേ
ശില്പരമ്യ പദപീഠഭൂവില്‍ നി-
ന്നുല്പതിച്ചു തിരുമെയ്യിലെത്തണെ

സ്ഥേമയാര്‍ന്ന മണിഭൂഷണത്തിലും
തൂമനോജ്ഞ മലര്‍മാല തന്നിലും
ഹേമ വിഗ്രഹമരീചി തേടുമീ
ക്കോമളപ്രഭ വിളങ്ങണെ വിഭോ.

മാറ്റിനിന്‍മുഖരസം മറച്ചിതില്‍
പോറ്റി പുല്ക്കരുതു ധൂമരേഖകള്‍
മാറ്റിയന്ന മണിവാതിലൂടെഴും-
കാറ്റിലാടരുതിതിന്‍ ശിഖാഞ്ചലം.

ചീര്‍ത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്‌-
വാര്‍ത്തിടായ്കിലുമെരിഞ്ഞു മേല്‍ക്കുമേല്‍
നേര്‍ത്തതീശ മിഴിയഞ്ചിടുന്ന നിന്‍-
മൂര്‍ത്തി മുമ്പു നിഴല്‍ നീങ്ങി നില്‍ക്കണേ.

ദീപാര്‍പ്പണം (എഴുതിയത് മഹാകവി കുമാരനാശാന്‍)