Tuesday, 27 September 2011

ദൈവദശകം


ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളെ,
നാവികന്‍ നീ ഭവാബ്ധിക്കൊരാവിവന്‍തോണി നിന്‍പദം

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണം

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍

ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ! സൃഷ്ടിക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കിസ്സായൂജ്യം നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ

അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനെ ജയിക്കുക

ജയിക്കുക മഹാദേവ! ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ! ദയാസിന്ധോ ജയിക്കുക

ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം  വാഴണം വാഴണം സുഖം

വാഴണം വാഴണം സുഖം  വാഴണം വാഴണം സുഖം

Thursday, 22 September 2011

ദീപാര്‍പ്പണം


ഭാവ ബന്ധമൊടു സത്യരൂപനാം
ദേവ നിന്‍ മഹിമയാര്‍ന്ന കോവിലില്‍
പാവന പ്രഭയെഴും വിളക്കിതാ
സാവധാനമടിയന്‍ കൊളുത്തിനേന്‍

അല്പമെങ്കിലുമതിന്‍ പ്രഭാങ്കുരം
സല്പതേയിരുള്‍ തുരന്നു മെല്ലവേ
ശില്പരമ്യ പദപീഠഭൂവില്‍ നി-
ന്നുല്പതിച്ചു തിരുമെയ്യിലെത്തണെ

സ്ഥേമയാര്‍ന്ന മണിഭൂഷണത്തിലും
തൂമനോജ്ഞ മലര്‍മാല തന്നിലും
ഹേമ വിഗ്രഹമരീചി തേടുമീ
ക്കോമളപ്രഭ വിളങ്ങണെ വിഭോ.

മാറ്റിനിന്‍മുഖരസം മറച്ചിതില്‍
പോറ്റി പുല്ക്കരുതു ധൂമരേഖകള്‍
മാറ്റിയന്ന മണിവാതിലൂടെഴും-
കാറ്റിലാടരുതിതിന്‍ ശിഖാഞ്ചലം.

ചീര്‍ത്തിതിന്നൊളി തെളിഞ്ഞു പൊങ്ങി നെയ്‌-
വാര്‍ത്തിടായ്കിലുമെരിഞ്ഞു മേല്‍ക്കുമേല്‍
നേര്‍ത്തതീശ മിഴിയഞ്ചിടുന്ന നിന്‍-
മൂര്‍ത്തി മുമ്പു നിഴല്‍ നീങ്ങി നില്‍ക്കണേ.

ദീപാര്‍പ്പണം (എഴുതിയത് മഹാകവി കുമാരനാശാന്‍)